ഒക്ലഹോമ: ഒക്ലഹോമ മലയാളി അസോസിയേഷന്റെ (ഒഎംഎ) 2026ലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. ഒക്ലഹോമയിലുടനീളമുള്ള മലയാളി സമൂഹത്തിന് ഐക്യത്തിന്റെയും സേവനത്തിന്റെയും സാംസ്കാരിക ആഘോഷത്തിന്റെയും പുതിയ അധ്യായമായി 2026ലേക്കുള്ള പുതിയ നേതൃത്വ കമ്മിറ്റി രൂപീകരിച്ചതായി ഒഎംഎ അറിയിച്ചു.
പുതിയ നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കുന്നത് പ്രസിഡന്റ് എയ്ഞ്ചലാ ഉമ്മനാണ്. സെക്രട്ടറിയായി ജോഷ്ന ഫിലിപ്പോസും ട്രഷററായി അനിൽ പിള്ളയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മൻസൂർ മുസ്തഫ, ഷിബു ജേക്കബ്, മിഷാൽ മൻസൂർ, നാൻസി ജേക്കബ്, സനു എബ്രഹാം, ഷിജി ജോയിക്കുട്ടി, അജിത് എബ്രഹാം, എലിസബത്ത് സ്റ്റീഫൻ, കുര്യൻ സക്കറിയ, നവീൻ നായർ, സാൻജോ ബാബു, ഷേർലി സൈലസ്, സൂസൻ ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു.
ചടങ്ങിൽ സംസാരിച്ച ഒഎംഎ നേതൃത്വം, കൂട്ടായ്മയുടെയും പങ്കിട്ട ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു. സംഘടനയുടെ യഥാർഥ ശക്തി അതിന്റെ അംഗങ്ങളിലാണെന്നും അവരുടെ സ്വത്വം, ഭാഷ, സാംസ്കാരിക പൈതൃകം എന്നിവയിൽ അവർ പുലർത്തുന്ന കൂട്ടായ്മ അഭിമാനമാണെന്നും പ്രസ്താവിച്ചു.
എല്ലാ അഭ്യുദയകാംക്ഷികളെയും പുതിയ കമ്മിറ്റിയെ പിന്തുണയ്ക്കാനും 2026ൽ ഉടനീളം വരാനിരിക്കുന്ന പരിപാടികളിൽ സജീവമായി പങ്കെടുക്കാനും ക്ഷണിക്കുന്നതായി നേതൃത്വം അറിയിച്ചു.